സ്ഥാപന ചരിത്രം
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ മല്ലപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഒരു പഞ്ചായത്താണ് കൊറ്റനാട് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 17.01 ചതുരശ്ര കിലോമീറ്ററാണ്. പഞ്ചായത്തിലെ അതിരുകള്‍ വടക്ക് കോട്ടാങ്ങാൽ ഗ്രാമപഞ്ചായത്ത്, കിഴക്ക് റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത്, തെക്ക് അയിരൂര്‍ ഗ്രാമപഞ്ചായത്ത്, പടിഞ്ഞാറ് എഴുമറ്റൂര്‍, കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തുകൾ എന്നിവയാണ്. പഞ്ചായത്തിലെ വാര്‍ഡുകളുടെ എണ്ണം 13 ആയിരുന്നു 2024 ലെ വാർഡ് വിഭജനം കഴിഞ്ഞപ്പോൾ 14 വാർഡായി വർദ്ധിച്ചു.
1949-ല്‍ ചെറിയകുന്നം വില്ലേജ് യൂണിയൻ നിലവിൽ വന്നു. ആയതിന്റെ പ്രസിഡന്റ് കൊല്ലന്റെ പടിക്കൽ എ.കെ.രാഘവന്‍പിള്ള ആയിരുന്നു. തുടര്‍ന്ന് 1953-54-ല്‍ കൊറ്റനാട് പഞ്ചായത്ത് നിലവിൽ വന്നു. പ്രസിഡന്റ് കാവുംപടി പുത്തന്‍വീട്ടിൽ പി രാമന്‍നായരായിരുന്നു. ഇപ്പോഴത്തെ കൊറ്റനാട് ഗ്രാമപഞ്ചായത്ത് മുന്‍കാലത്ത് കൊല്ലം ജില്ലയില്‍ തിരുവല്ലാ താലൂക്കിൽ എഴുമറ്റൂർ വില്ലേജിന്റെ ഒരു ഭാഗമായി ചെറിയകുന്നം വില്ലേജ് യൂണിയൻ എന്ന പേരില്‍ ആരംഭിച്ച് തുടര്‍ന്നുവന്നിരുന്നതും പഞ്ചായത്തു നിയമം നിലവില്‍വന്ന 1953-മുതല്‍ കൊറ്റനാട് പഞ്ചായത്ത് എന്ന പേരില്‍ അറിയപ്പെട്ടു വന്നതുമാണ്. ആലപ്പുഴ ജില്ല രൂപീകരിച്ചപ്പോള്‍ ഈ പ്രദേശം തിരുവല്ല താലൂക്കില്‍ തന്നെ നിലനിന്നു. എഴുമറ്റൂര്‍ വില്ലേജ് വിഭജിച്ച് എഴുമറ്റൂർ എന്നും പെരുംമ്പെട്ടി എന്നും രണ്ടു വില്ലേജുകളായി തിരിച്ചപ്പോള്‍ പെരുംമ്പെട്ടി വില്ലേജ് പ്രദേശം മുഴുവനായി കൊറ്റനാട് പഞ്ചായത്തിൽ ഉള്‍പ്പെടുത്തി. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ താലൂക്ക് ആസ്ഥാനമായ മല്ലപ്പള്ളിയിൽ നിന്നും ഉദ്ദേശം 15 കിലോമീറ്റർ തെക്കുകിഴക്കായിട്ടാണ് കൊറ്റനാട് പഞ്ചായത്തിന്റെ സ്ഥാനം. ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയില്‍ എത്താൻ ഇവിടെനിന്നും 25 കിലോമീറ്റർ തെക്കോട്ടു റോഡുമാര്‍ഗ്ഗം സഞ്ചരിക്കണം. കുന്നുകളും താഴ്വരകളും നിലങ്ങളും ഇടകലര്‍ന്ന ഒരു പ്രദേശമാണ്. നദികളോ പുഴകളോ അവയുടെ സാമീപ്യമോ ഇവിടെ ഇല്ല. വലിയകാവ് റിസര്‍വ് വനത്തിന്റെ ഒരു ഭാഗം ഈ പഞ്ചായത്തിൽ ഉള്‍പ്പെട്ടിരിക്കുന്നു.
ഭൂരിഭാഗം ജനങ്ങളും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമാണ്. നദിയുടെ സാമീപ്യം ഈ പഞ്ചായത്തിനില്ല. മഴക്കാലത്തുമാത്രം നീരൊഴുക്കുള്ള ഏതാനും തോടുകളാണ് പഞ്ചായത്തിലുള്ളത്. കൊറ്റനാട് ഗ്രാമപഞ്ചായത്ത് പ്രദേശം ഒരു കര്‍ഷക ഗ്രാമമാണ്. കുന്നിന്‍ ചരിവും, താഴ്വരയും, നിലങ്ങളും ഇടകലര്‍ത്തുന്ന ഭൂപ്രദേശമാണ് ഈ പഞ്ചായത്ത്. പഞ്ചായത്തു പ്രദേശത്തെ പ്രധാന കൃഷി ഇപ്പോൾ റബ്ബർ ആണ്. 90 വര്‍ഷത്തിനു മുമ്പ് ഈ പ്രദേശം ജനനിബിഡമല്ലായിരുന്നു. ഭൂമി ഏതാനും ജന്മികളുടെ കൈവശാവകാശം മാത്രമായിരുന്നു. ഭൂപരിഷ്കൃത നിയമം നിലവില്‍വന്നതോടുകൂടി ജന്മി കുടിയാൻ ബന്ധത്തിന് ഉലച്ചിൽ ഉണ്ടാവുകയും ഭൂഉടമകള്‍ അവരവര്‍ക്കുള്ള സ്ഥലത്ത് കൃഷിയിറക്കുകയും ചെയ്തുവന്നു. പഞ്ചായത്തുകള്‍ നിലവില്‍വന്നതോടുകൂടി ഒട്ടനവധി റോഡുകള്‍ ഉണ്ടാവുകയും മോട്ടോർ വാഹന സൌകര്യം വര്‍ദ്ധിക്കുകയും ചെയ്തതിനാൽ കാളവണ്ടികളും വണ്ടിക്കാളകളും ഈ പ്രദേശത്തുനിന്നും അപ്രത്യക്ഷമായി. പാടങ്ങളിലെ ഉപയോഗത്തിന് പൌവ്വര്‍ട്രില്ലറും ട്രാക്ടറും വന്നതോടുകൂടി ഉഴവുകാളകളും ഇല്ലാതായി. ആദ്യമായി ഈ പ്രദേശത്ത് വിദ്യാഭ്യാസ സ്ഥാപനം ഉണ്ടായത് മിഷണറിമാര്‍ വന്നു സ്ഥാപിച്ച നെടുംമ്പുരയിലുള്ള പെരുംമ്പെട്ടി സി.എം.എസ്.എൽ.പി സ്കൂളാണ്. കാലക്രമേണ സമുദായിക മാനേജ്മെന്റിലും വ്യക്തിപരമായ മാനേജ്മെന്റിലും സര്‍ക്കാർവകയായും 14 സ്കൂളുകൾ നിലവില്‍വന്നു. ഈ പ്രദേശത്തെ ജനങ്ങള്‍ ഹിന്ദു-ക്രിസ്ത്യന്‍-മുസ്ലീം സമുദായങ്ങളിൽ ഉള്‍പ്പെടുന്നു. എല്ലാ മതവിഭാഗക്കാര്‍ക്കും നിരവധി ദേവാലയങ്ങള്‍ പണികഴിപ്പിച്ചിട്ടുണ്ട്.
മുന്‍ പ്രസിഡന്റുമാർ
രാമന്‍ നായർ
ഉണ്ണികൃഷ്ണന്‍ നായർ
സാജന്‍ അത്യാലിൽ
ജോണ്‍ മാത്യൂ
ഉഷാ സുരേന്ദ്രനാഥ്
മനോജ് ചരളേല്‍
സുജാത എം എസ്സ്
സുധ പി റ്റി
പ്രകാശ് പി സാം
ഉഷ ഗോപി